8.6.20

ലോക സമുദ്ര ദിനം

ജൂണ്‍ 8, ലോക സമുദ്ര ദിനം.
1992 ല്‍ നടന്ന ഭൗമ ഉച്ചകോടിയിലൂടെയാണ് ഈ ദിനത്തിന് ഇത്തരത്തില്‍ ഉള്ള ഒര‍ു സവിശേഷത കൈ വന്നത് . ഭൗമ ഉച്ചകോടിയില്‍ കാനഡ സര്‍ക്കാരാണ് ലോക സമുദ്രദിനം എന്ന ആശയം മുന്നോട്ടു വച്ചത്. 1992 ജൂണ്‍ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത് .  എല്ലാ വര്‍ഷവും ഇന്നേ ദിവസം അനൗദ്യോഗികമായി ആഘോഷിച്ചു വരുന്നു.
"നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഉത്തരവാദിത്തം "എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്. 
ഭൂമിയിലെ ജലസ്രോതസുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രങ്ങള്‍.
നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും ഉള്ള നടപടികള്‍ ആണ് ഐക്യരാഷ്ട്രസഭ ഇതിനോടന‍ുബന്ധിച്ചു മുന്നോട്ട് വയ്ക്കുന്നത്.  2009 ജൂണ്‍ 8 മുതല്‍ ഔദ്യോഗികമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ തീരുമാനം ആയി. എന്ത് കൊണ്ട് ഈ ദിനം  ലോക സമുദ്ര ദിനമായി ആഘോഷിക്കണം എന്ന ചോദ്യത്തിനു ഒരു പാട് ഉത്തരങ്ങള്‍ ഉണ്ട്. സമുദ്രങ്ങള്‍ നമ്മുടെ പ്രാണ വായു ആയ ഓക്സിജന്റെ ഒരു നല്ല ഉറവിടം ആണ്. വളരെ അമൂല്യങ്ങള്‍ ആയ നിരവധി ഔഷധങ്ങളുടെ ഒടുങ്ങാത്ത ഖനി ആണ് . കടലമ്മ തരുന്ന മത്സ്യ സമ്പത്തിനേയും നമുക്ക് മറക്കാന്‍ ആവില്ലല്ലോ. ഇനി കടലിന്റെ ഇരമ്പല്‍ നിങ്ങളുടെ കാതുകളിലേയ്ക്ക് എത്തുമ്പോള്‍ ഇവയൊക്കെ ഓര്‍ക്കാന്‍ ഈ ദിനം ഉപകാരപ്പെടട്ടെ.
ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു.
ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. 
ഭൂമികൊടുംചൂടില്‍ ഉരുകി തിളച്ചകാലത്ത് അന്തരിക്ഷത്തില്‍ നീരാവി നിറയുകയും പിന്നീട് അവ ഘനീഭവിച്ച് മേഘങ്ങളുണ്ടായിഈ മേഘങ്ങള്‍ വര്‍ഷങ്ങളോളം തോരാതെ മഴ പെയ്യാന്‍ ഇടയാക്കുകയും ഭൂമിയിലെ ആഴം കൂടിയ ഭാഗങ്ങളില്‍ ഈ ജലം കെട്ടി നിന്നാണ് സമുദ്രങ്ങളായി രൂപപ്പെട്ടത് 
സമുദ്രത്തിന്റെ ആഴം
ഭൂതലമൊട്ടാകെ പരിഗണിക്കുമ്പോൾ സമുദ്രത്തിന്റെ ശരാശരി ആഴം 3000 മുതൽ 3500 വരെ മീറ്റർ ആണു. എന്നാൽ ശാന്തസമുദ്രത്തിലെ ഗുവാം ദ്വീപുകൾക്കടുത്ത് ഇത് 10,900 മീറ്റർ വരെ ആകുന്നു. അതുകൊണ്ടുതന്നെ സമുദ്രത്തിന്റെ അടിത്തട്ട് ഒരു പാത്രത്തിന്റെ അടി പോലെ നിയതരൂപത്തിലുള്ളതല്ലെന്നു മനസ്സിലാക്കാം. മലകളും പർവതങ്ങളും പോലെയുള്ള ഭൂഭാഗങ്ങളും അതിന്റെ അടിത്തട്ടിൽ ധാരാളമുണ്ട്.
മുകൾത്തട്ട്
സൂര്യനിൽ നിന്നുള്ള താപവും പ്രകാശവും സമുദ്രത്തിന്റെ മുകൾത്തട്ടിൽ ധാരാളം കിട്ടുന്നു. അതുകൊണ്ട് അവ ഉപയോഗപ്പെടുത്തി ജീവിക്കുന്ന നിരവധി മത്സ്യങ്ങളും മറ്റു ജീവികളും വളരെ നീണ്ട ഒരു ഭക്ഷ്യശൃഖലയുടെ ഭാഗമായി ഇവിടെ കഴിഞ്ഞുകൂടുന്നു.. ആൽഗെകൾ മുതൽ കൂറ്റൻ തിമിംഗിലങ്ങൾ വരെ ഇതിലിലുണ്ട്. ഇവയെല്ലാം തന്നെ മിക്കവാറും കാണപ്പെടുന്നത് ഏറ്റവും മുകളിലെ നൂറു മീറ്റർ ഭാഗത്താണ്.
ആഴക്കടൽ
ഏതാണ്ട് 1800 മീറ്റർ ആഴത്തിൽ സമുദ്രജലത്തിന്റെ താപനില പൊടുന്നനെ വളരെ താഴാൻ തുടങ്ങുന്നു. ഈ ഭാഗത്തിനെ തെർമൊക്ലൈൻ എന്നാണ് സമുദ്രശാസ്ത്രം വിളിക്കുന്നത്. ഇതിന്നു താഴെയുള്ള സമുദ്രഭാഗത്തെ ആഴക്കടൽ എന്നു വിളിക്കുന്നു. ഈ ഭാഗത്തേക്ക് സൂര്യവെളിച്ചത്തിനോ സൂര്യതാപത്തിനോ എത്തിപ്പെടാനാകില്ല. ഇവിടെയെത്തുമ്പോഴേക്ക് താപനില 5 ഡിഗ്രി സെൽഷിയസ് വരെ എത്തും. ഇതിനും താഴോട്ട് അത് വീണ്ടും താഴ്ന്നുകൊണ്ടിരിക്കുമെങ്കിലും താഴ്ച വളരെ സാവധാനത്തിലാണു. ഏതാണ്ട് 4000 മീററിനു തഴെ താപനില താരതമ്യേന സ്ഥിരമാണ്.
സമുദ്രത്തിൽ താഴോട്ട് പോകുംതോറും ജലമർദ്ദം കൂടിക്കൊണ്ടിരിക്കും. ഓരോ പത്ത് മീറ്ററിനും ഉപരിതലത്തിലെ അന്തരീക്ഷമർദ്ദത്തിന്റെ ഒരു മടങ്ങ് എന്ന തോതിലാണ് ഈ വർദ്ധന. ഗുവാമിനടുത്ത് മേരിയാന ട്രെഞ്ച് എന്ന ഏറ്റവും ആഴം കൂടിയ സ്ഥലത്ത് ഇത് അന്തരീക്ഷമർദ്ദത്തിന്റെ 1090 മടങ്ങ് വരുമെന്ന് സാരം. പ്രത്യേക ശ്വസനോപാധികളും മറ്റുമില്ലാതെ സമുദ്രത്തിൽ നൂറു മീറ്റർ ആഴത്തിൽപ്പോലും ചെല്ലാൻ മനുഷ്യർക്കോ കരയിലെ മറ്റു ജീവികൾക്കോ ആവില്ല. മുകൾത്തട്ടിലെ മത്സ്യങ്ങൾക്കും മറ്റു ജന്തുക്കൾക്കും ഇവിടെയെത്തുക അസാധ്യമാണ് . അതുപോലെ ഇവിടത്തെ ജീവികളെ നേരെ മുകളിലേക്കെത്തിക്കുകയാണെങ്കിൽ അവ കടൽപ്പരപ്പിലെത്തും മുൻപേ ഛിന്നഭിന്നമാകുകയോ പൊട്ടിത്തെറിച്ചുപോകുകയോ ചെയ്യും. എങ്കിലും വിദൂരനിയന്ത്രിത മുങ്ങിക്കപ്പലുകളുപയോഗിച്ച് ശാസ്ത്രലോകം ആഴക്കടൽ പര്യവേഷണങ്ങൾ നടത്തുകയും പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ അവിടത്തെ പല ജീവികളേയും പരീക്ഷണശാലകളിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
ആഴക്കടലിലേക്ക് സൂര്യവെളിച്ചം ചെന്നെത്തുകയില്ല. സദാ ഇരുണ്ടുകിടക്കുന്ന ഇവിടെ ഊർജ്ജത്തിനായി സൂര്യനെ ആശ്രയിക്കുന്ന, തുടർച്ചയുള്ള ഒരു ഭക്ഷ്യശൃംഖലയിൽ ജീവിക്കുന്ന പ്രാണിസഞ്ചയം ഇല്ല. പകരം മുകളിൽ നിന്ന് തഴേക്ക് വന്നുകൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങൾ ഭക്ഷണമാക്കുന്ന ജീവികളാണ് ഇവിടെയുള്ളത്. ഇരയെ തേടിപ്പിടിക്കാനായി അധികഊർജ്ജം അവക്ക് ചെലവാക്കേണ്ടിവരുന്നില്ല. ഇരുട്ടത്തായതുകൊണ്ട് സ്വയം പ്രകാശിക്കുന്ന പല സംവിധാനങ്ങളും ഇവിടെ പല ജീവികളുടേയും ശരീരത്തിൽ കാണാം. ഇരുട്ടിൽ ഇണകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിഒക്കാനുള്ള സാധ്യത വളരെ കുറവായതുകൊണ്ട് ലിംഗഭേദത്തിന്റെ ആവശ്യമില്ലാതെ പ്രജനനം നടത്തുന്ന അലൈംഗികജീവികളും (Hermaphrodites) ഇവിടെയുണ്ട്. ആഴക്കടലിൽ പ്രാണവായുവും സൗരോർജ്ജവും ലഭ്യമല്ലാത്തതുകൊണ്ട് ജീവിവർഗ്ഗങ്ങൾ തീരെയുണ്ടാകില്ലെന്നായിരുന്നു അടുത്തകാലം വരെ ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ ആഴക്കടലിന്റെ അടിത്തട്ടിൽ അവിടെയുള്ള ഉഷ്ണജലസ്രോതസ്സുകളും അവയിൽക്കൂടി വമിക്കുന്ന ഹൈദ്രജൻ സൾഫൈഡ് വാതകവുമുപയോഗിച്ച് ജീവിക്കുന്ന ബാക്ടീരിയകളും കുഴൽപ്പുഴുക്കളും അടങ്ങിയ വൈവിദ്ധ്യമുള്ള ഒരു ജീവലോകമുണ്ടെന്ന് അടുത്തകാലത്ത് കണ്ടെത്താനായിട്ടുണ്ട്. സമുദ്രത്തിന്റെ പ്രാധാന്യം ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ / ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയർത്തിക്കൊണ്ടുപോകുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഒക്സൈഡിനെ സമുദ്രം വൻതോതിൽ ആഗിരണം ചെയ്യുന്നുണ്ട്. അങ്ങനെ ആഗോളതാപനത്തെ അത് മന്ദീഭവിപ്പിക്കുന്നു. മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്റെ ഭക്ഷണാവശ്യത്തിൻറെ വലിയൊരു പങ്ക് സമുദ്രം നിറവേറ്റുന്നു. മത്സ്യ വിഭവങ്ങൾക്കുമപ്പുറം മനുഷ്യോപയോഗത്തിനാവശ്യമായ ഔഷധഗുണങ്ങളടക്കമുള്ള പല ജൈവ / രാസപദാർഥങ്ങളുടേയും - ചിലതരം ആൽഗകൾ ജപ്പാനിലും മറ്റും ഔഷധമായുപയോഗിക്കുന്നുണ്ട് - മുത്തുകളുടേയും രത്നങ്ങളുടേയുമൊക്കെ കലവറ കൂടിയാണു സമുദ്രം. സദാ ചലനാത്മകമായ സമുദ്രം എളുപ്പം ഉപയോഗപ്പെടുത്താവുന്ന നിലക്കാത്ത ഊർജസ്രോതസ്സെന്ന പ്രതീക്ഷ കൂടി ശാസ്ത്രലോകത്തിന് നൽകുന്നുണ്ട്. ആഗോളവ്യാപകമായി സമുദ്രത്തിനടിയിൽ വൻ തോതിൽ പെട്രോളിയംനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. കടൽത്തിരകൾ സമുദ്രത്തിലെ ആഴവും പരപ്പുമുള്ള ജലസഞ്ചയത്തിൽ ബാഹ്യശക്തികൾ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ ഫലമായാണ് തിരകൾ ഉണ്ടാകുന്നത്. തീരങ്ങളിൽ നാം കാണുന്ന തിരകൾ അതാത് ഭാഗത്ത് വീശുന്ന കാറ്റിന്റെ ഫലമാണ്. ദൂരെ നിന്ന് ചെറിയ ഓളങ്ങളായി ആരംഭിക്കുന്ന ഇവ കരയോടടുക്കുംതോറും ഉയരം കൂടി ഒടുവിൽ വീണു തകരുന്നു. മഹാസമുദ്രങ്ങൾ പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക് സമുദ്രം, അന്റാർട്ടിക് സമുദ്രം എന്നിവയാണു ലോകത്തിലെ പ്രധാന സമുദ്രങ്ങൾ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com