19.6.20

വായനാ ദിനം

വായന അറിവ‍ും തിരിച്ചറിവ‍ുമാണ്
കാലങ്ങൾക്കപ്പ‍ുറത്തേക്കാണ് ഓരോ താള‍ും മറിയ‍ുന്നത്. ഭ‍ൂതകാലത്തിൽ നിന്ന് ഭാവിയിലേക്ക‍ുളള ച‍ൂണ്ട‍ുപലകയാണോരോ ഓരോ താള‍ും. വിവേകചിന്തയിലേക്ക‍ുളള നിക്ഷേപമാണ് നാം വായിക്ക‍ുന്ന ഓരോ പ‍ുസ്തകവ‍ും. ഓർമയ‍ുടെ കാവൽക്കാരാണ് വാക്ക‍ുകൾ. ജീവിതത്തെ നന്നായി നയിക്കാന‍ുതക‍ുന്നവയാണ്  വായന. വായിച്ച‍ു വളരാം. ചിന്തിച്ച് പ്രവർത്തിക്കാം.വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്.
1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.
വായനാദിന വിശേഷങ്ങൾ
പി.എന്‍. പണിക്കര്‍: വായനയുടെ വഴികാട്ടി
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലം പേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്. 

സനാതന ധര്‍മവായനശാലയുടെയും പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. 

സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ''വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കി.
ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആ സ്ഥാനത്തുനിന്ന് വിരമിച്ചു.
അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
വായനയുടെ പ്രയോജനങ്ങള്‍
വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു. ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു. ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു. വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്. വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com