27.6.21

ജ‍ൂൺ 26 - ദേശീയ നാളികേരദിനം

 _(സെപ്റ്റംബർ 2 നാണ് ലോക നാളികേര ദിനം)_

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം… നാളികേരത്തെ സംബന്ധിച്ച് തികച്ചും അർത്ഥവത്തായ പഴമൊഴിയാണിത്. തൊണ്ടോടെ തേങ്ങയ്ക്ക് വിപണി വില 30 മുതൽ 40 രൂപ വരെയാണ്. തൊണ്ട് ഇല്ലാത്തത് കിലോയ്ക്ക് 60 മുതൽ 70 രൂപ വരെയും. ഒരു തെങ്ങിൽ നിന്ന് ഒരു നാളികേരം കൂടുതലായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ വരുമാനത്തിൽ വലിയ വർധനവാണുണ്ടാവുക എന്നർത്ഥം.


ലോകത്ത് ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നതാകട്ടെ നാളികേരത്തിന്റെ നാടായ കേരളവും. മലയാളിയുടെ തൊട്ടിൽ തൊട്ട് ചുടല വരെ നാളികേരമുണ്ട്. ഭക്ഷണമായി, വരുമാനമായി, ആചാരാനുഷ്ഠാനങ്ങളിലെ അഭിവാജ്യ ഘടകമായി. എന്നിട്ടും നാളികേര കർഷകർ പലപ്പോഴും വലിയ വെല്ലുവിളികളും പ്രതിസന്ധിയുമാണ് നേരിടുന്നത്.

നാളികേരോൽപ്പന്നങ്ങളുടെ പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും മനസിലാക്കി ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ശാസ്ത്രീയമായി തെങ്ങുകൃഷി ചെയ്താൽ വളരെ ലാഭം കിട്ടുന്ന ഒരു വിളയായി തെങ്ങ് മാറിയിരിക്കുന്നു. അതുകൊണ്ട് ഉത്പാദന ക്ഷമതയിൽ ഇനിയും ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുകയും അതുവഴി ലക്ഷക്കണക്കിന് പേർക്ക് ഇതൊരു ഉപജീവനമാർഗമായി മാറ്റാൻ സാധിക്കുകയും ചെയ്യും. ഈ ദേശീയ നാളികേര ദിനവും അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.

തെങ്ങിന്റെ ഫലമാണ്‌ തേങ്ങ അഥവാ നാളികേരം. ഇതിന്റെ മേൽ ആവരണമായ തൊണ്ടും ചകിരിയും തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു. ഇതു കൂടാതെ കട്ടിയേറിയ ചിരട്ടയും വെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ്‌ തേങ്ങയുടെ ഭാഗങ്ങൾ. തേങ്ങയുടെ പുറത്തെ ആവരണമായ തൊണ്ടും ചകിരിയും നീക്കം ചെയ്താണ്  വ്യാപാര മേഖലയിൽ ഇതിന്റെ തൂക്കം നോക്കുന്നത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.

▪️പാലി ഭാഷയിലെ നാരികേളം (നാരുകൾ ഉള്ള ഫലം) എന്നപദത്തിൽ നിന്നാണ് നാളികേരം ഉണ്ടായത്. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെൻകായ് എന്ന പദം കൂടുതൽ പ്രചാരം നേടിയപ്പോൾ നാരികേളത്തിലെ വർണ്ണങ്ങൾക്ക് സ്ഥാനഭ്രംശം ഉണ്ടായി. അങ്ങനെ നാളികേരം ആയിത്തീർന്നു.

▪️തെങ്ങിന്റെ പ്രഭവസ്ഥാനം മലയായാണെന്ന്  ചില ചരിത്രകാരന്മാർ പറയുന്നു. ‘ന്യോർകാലി’ എന്ന മലയൻ പദത്തിൽ നിന്നാണ് ‘നാരികേലി’ എന്ന സംസ്‌കൃതപദം ഉണ്ടായത്. അത് ലോപിച്ച് മലയാളത്തിൽ ‘നാളികേരം’ എന്നാവുകയും ചെയ്തു.

കേരളത്തിൽ പ്രാചീന കാലത്ത് തെങ്ങ് ഉണ്ടായിരുന്നതായി തെളിവില്ല. സംഘകാലത്ത്  പറയുന്ന നെയ്തലും മരുതവും (ഇടനാടും, കടലോരവും) കടൽ നീങ്ങി ഉണ്ടായവയാണ്. കുറിഞ്ചി തിണയിൽ (മലകൾ) തെങ്ങ് വളരില്ല. അതായത് തെങ്ങ് എങ്ങു നിന്നോ വന്നു ചേർന്നതായിരിക്കണം. അങ്ങനെ അത് മരുതം നെയ്തൽ എന്നീ തിണകളിൽ സ്ഥാനം പിടിച്ചു. ആദ്യകാലങ്ങളിൽ ഈ തെങ്ങുകൾ എങ്ങനെയോ വളരുകയായിരുന്നിരിക്കണം. ഡച്ചുകാരാണ്‌ മലയാളികളെ ശാസ്ത്രീയമായ രീതിയിൽ തെങ്ങു കൃഷി പഠിപ്പിച്ചത്.

സംഘകാലത്ത് നെടുംചേരലാതന്റെ കാലത്താണ് തെങ്ങുകൃഷി വ്യാപകമായതെന്നും അഭിപ്രായമുണ്ട്. ഏ.ഡി. 120 ൽ ആണിത്. തെങ്ങിന്റെ പ്രഭവകേന്ദ്രം മലയ  ആണെന്നും,മലയ ഭാഷയിലെ ന്യോർകാലി  ആണ് സംസ്കൃതത്തിൽ നാരികേലി ആയതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.

🔹തേങ്ങാപ്പാൽ

വിളഞ്ഞ തേങ്ങയുടെ നീരാണ് തേങ്ങാപ്പാൽ. ചിരകിയ തേങ്ങ പിഴിഞ്ഞാണ് തേങ്ങാപ്പാലെടുക്കുന്നത്. പായസം, കറികൾ  എന്നിവയുണ്ടാക്കാനും, സൗന്ദര്യവർദ്ധകവസ്തുവായും തേങ്ങാപ്പാലുപയോഗിക്കുന്നു.

🔹ചകിരി

തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും  കയറുൽപന്നങ്ങളും നിർമ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയിൽ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ്‌ കയർ.

🔹കൊപ്ര 

തേങ്ങയുടെ കാമ്പ്‌ ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്നു. കൊപ്രയിൽ  72% വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു.പൊട്ടിപ്പോകാത്ത കൊപ്രയെ "ഉണ്ടകൊപ്ര" എന്നും "കൊപ്ര എടുത്തപടി" എന്നും വ്യാപാര മേഖലയിൽ പറയാറുണ്ട്‌ . വടക്കൻ‌ കേരളത്തിൽ "ബോഡ" എന്നും.

▪️കൊപ്ര പിണ്ണാക്ക്

കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ വേർതിരിഞ്ഞ ശേഷം ലഭിക്കുന്ന അവശിഷ്ടമാണ് കൊപ്ര പിണ്ണാക്ക്. യാന്ത്രികമായി വെളിച്ചെണ്ണ വേർതിരിച്ച് ഉണ്ടാക്കുന്ന പിണ്ണാക്കിൽ 8 - 12 ശതമാനം വെളിച്ചെണ്ണയും 22 ശതമാനം മാംസ്യവും അടങ്ങിയിരിക്കും. കൊപ്ര പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണ കന്നുകാലികൾ പുഷ്ടിപ്പെടുന്നതിന് സഹായകരമാണ്. എളുപ്പം തീപിടിക്കുന്ന വസ്തുവാണ് കൊപ്ര പിണ്ണാക്ക്.

🔹വിത്തുതേങ്ങ

കുറ്റ്യാടി തേങ്ങ മികച്ച ഫലവും രോഗപ്രതിരോധശേഷിയും ഉള്ളവയാണ്.

🔹പൊങ്ങ്

വേര് വന്നുതുടങ്ങിയ തേങ്ങയുടെ അകത്ത് കാണുന്ന ഗോളാകൃതിയിലുള്ള ഖരപദാർത്ഥമാണ് പൊങ്ങ്. തെങ്ങിൻതൈയ്ക്ക് വളരാനാവശ്യമായ പോഷകം നൽകുന്നത് പൊങ്ങ് ആണ്. ഒരു ഭക്ഷണപദാർത്ഥമായും പൊങ്ങ് ഉപയോഗിക്കുന്നു.

🔹തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾ 

▪️കട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന്. 

▪️ഓറൽ റീഹൈഡ്രേഷനുപയോഗിക്കാം. 

▪️അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കുന്നു.

▪️ശരീരത്തെ തണുപ്പിക്കുന്നു.

ചൂടുകുരുക്കൾ മാറാനും, ചിക്കൻപോക്സ്, വസൂരി എന്നിവമൂലമുണ്ടാകുന്ന പാടുകൾ മാറാനും.

▪️കടൽ വിരകളെ നശിപ്പിക്കുന്നു.

▪️മ‍ൂത്രസംബന്ധമായ രോഗസംക്രമം തടയുന്ന‍ു

▪️മ‍ൂത്രത്തിലെ കല്ലിനെ അലിയിക്കുന്നു

▪️ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാവുന്നതാണ് .

▪️ശരീരം പെട്ടെന്നാഗിരണം ചെയ്യുന്നതുകൊണ്ട് നിർജ്ജലീകരണം തടയുന്നു.

▪️കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്‌. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം. ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്. ശുക്ലം  വർദ്ധിപ്പിക്കുന്നു. ആർത്തവത്തെ  ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്. തെങ്ങിൻ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com