11.7.20

ജനസംഖ്യാദിനം

ജൂലൈ 11 ലോകമെങ്ങും ജനസംഖ്യാദിനം ആചരിക്കുകയാണ്
എന്തിനാണ് ജനസംഖ്യക്കൊരു ദിനമെന്ന് ആലോചിച്ചിട്ടുണ്ടോ... ലോക ജനസംഖ്യ 500 കോടിയിലത്തെിയ ദിവസം, അന്നുതൊട്ടാണ് ജനസംഖ്യക്കൊരു ദിനം വേണമെന്ന ആലോചന വന്നത്. 1987 ജൂലൈ 11നായിരുന്നു ഇത്.  അതിനുശേഷമാണ് യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍െറ (യു.എന്‍.ഡി.പി) ഗവേണിങ് കൗണ്‍സില്‍ ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിക്കാന്‍ തുടങ്ങിയത്.


 ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറക്കാമെന്ന തിരിച്ചറിവിന്‍െറ ഭാഗമായാണ് ജനസംഖ്യാദിനാചരണം വര്‍ഷന്തോറും സംഘടിപ്പിക്കുന്നത്. 2014 ജനുവരി ഒന്നിലെ കണക്കുപ്രകാരം ലോകത്താകമാനമുള്ള ആളുകളുടെ എണ്ണമെത്രയെന്നറിയാമോ... 713,76,61,030 ആണ്. കുറച്ചുകൂടി പുതിയ കണക്കുപ്രകാരം (2016 മാര്‍ച്ച്) ജനസംഖ്യ 7.4 ബില്യണായിട്ടുണ്ട്.
ജനസംഖ്യാ വര്‍ധന ഇന്ത്യയില്‍
നിലവില്‍ ഇന്ത്യന്‍ ജനസംഖ്യ 100 കോടിയിലധികമാണ്. 2101 ആവുമ്പോഴേക്ക് ഇത് 200 കോടി കവിയുമെന്ന് പ്രമുഖ ജനസംഖ്യാ പഠന വിദഗ്ധന്‍ കാള്‍ ഹോബ്സിന്‍െറ പഠനം വ്യക്തമാക്കുന്നു. വികസിത രാജ്യമെന്ന പദവി നേടാന്‍ ഇന്ത്യ നടത്തേണ്ട പോരാട്ടത്തേക്കാള്‍ കൂടുതല്‍, ദാരിദ്ര്യത്തിനെതിരെ പോരാടേണ്ടിവരുമെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.  2050 ആവുമ്പോഴേക്ക് ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള ചൈനയെ ഇന്ത്യ മറികടക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയുടെ പരിണിതഫലങ്ങള്‍ ജനങ്ങളിലേക്കും മാധ്യമങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് ജനസംഖ്യ സ്ഥിരത കോശ് (ജെ.എസ്.കെ). ‘ജനസംഖ്യ സ്ഥിരതക്കായി ഒരു വാക്കത്തണ്‍’ എന്നപേരില്‍ കഴിഞ്ഞ ജനസംഖ്യാദിനത്തില്‍ ഇന്ത്യാഗേറ്റില്‍ ഇവര്‍ വാക്കത്തണ്‍ സംഘടിപ്പിച്ചിരുന്നു. 
ജനസംഖ്യ ലോകരാജ്യങ്ങളില്‍
യുനൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സിന്‍െറ (യു.എന്‍.ഡി.ഇ.എസ്.എ) കണക്കുപ്രകാരം 2016ലെ ലോകത്തെ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള ചില രാജ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ പട്ടികയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒന്നാംസ്ഥാനത്തുള്ളത് ചൈനയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ളോ... 137 കോടിയാണ് ചൈനയുടെ ജനസംഖ്യ. തൊട്ടുപിറകെ 129 കോടി ജനങ്ങളുമായി നമ്മുടെ രാജ്യമായ ഇന്ത്യയുമുണ്ട്. 
ലോക ജനസംഖ്യയുടെ 18.78 ശതമാനം ചൈനയിലും 17.61 ശതമാനം ഇന്ത്യയിലുമാണ്്. ഇന്ത്യയും ചൈനയുമൊഴിച്ച് മറ്റൊരു രാജ്യവും ജനസംഖ്യയില്‍ 100 കോടി തികച്ചിട്ടില്ല. ജനസംഖ്യയില്‍ മൂന്നാമതുനില്‍ക്കുന്ന യു.എസില്‍ 50 കോടി ആളുകള്‍ പോലുമില്ല. 32 കോടിയാണ് യു.എസിലെ ജനസംഖ്യ. ലോകജനസംഖ്യയുടെ 4.42 ശതമാനം വരുമിത്. നാലാമതുനില്‍ക്കുന്ന ഇന്തോനേഷ്യയിലുള്ളത് 25 കോടി ജനങ്ങളാണ്. ലോക ജനസംഖ്യയുടെ 3.53 ശതമാനം വരുമിത്. 20 കോടി ജനങ്ങളുമായി ബ്രസീലാണ് അഞ്ചാംസ്ഥാനത്ത്. ലോക ജനസംഖ്യയുടെ 2.81 ശതമാനം ആളുകള്‍മാത്രമേ ഈ രാജ്യത്തുള്ളൂ. 
നമ്മുടെ തൊട്ടയല്‍പ്പക്കമായ പാകിസ്താനില്‍ 19 കോടിയാണ് ജനസംഖ്യ. ലോകജനസംഖ്യയുടെ 2.65 കോടി ജനങ്ങള്‍ പാകിസ്താനില്‍ വസിക്കുന്നുണ്ട്. വലുപ്പത്തിന്‍െറ കാര്യത്തില്‍ ഒന്നാമതായ റഷ്യ ജനസംഖ്യയുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്താണ്. 14 കോടി ആളുകള്‍ റഷ്യയിലുണ്ട്. ലോകജനസംഖ്യയുടെ രണ്ടുശതമാനം വരുമിത്. ഏറ്റവും കുറവ് ആളുകളുള്ള രാജ്യം വത്തിക്കാന്‍ സിറ്റിയാണ്. വെറും 839 പേരാണ് ഈ രാജ്യത്തുള്ളത്. ഏറ്റവും ചെറിയ രാജ്യവും ഇതുതന്നെയാണ്. 
ജനസംഖ്യ ഭൂഖണ്ഡങ്ങളില്‍
ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്നതും ഏറ്റവുംവലിയ ഭൂഖണ്ഡവുമായ ഏഷ്യയാണ് ജനസംഖ്യയില്‍ മുന്നില്‍നില്‍ക്കുന്ന ഭൂഖണ്ഡമെന്നതില്‍ സംശയമില്ലല്ളോ. ലോകത്തെ 60.02 ആളുകളും ഏഷ്യ വന്‍കരയിലാണുള്ളത്. 429,87,23,000 പേരാണ് ഇവിടെയുള്ളത്. 111,06,35,000 ആളുകളുമായി ആഫ്രിക്കയാണ് രണ്ടാംസ്ഥാനത്തുള്ളത്. ലോകജനസംഖ്യയുടെ 15.51 ശതമാനം ആളുകളാണിത്. യൂറോപ്പില്‍ 74,24,52,000 പേരും നോര്‍ത് അമേരിക്കയില്‍ 56,52,65,000 ആളുകളുമാണുള്ളത്. 40,67,40,000 പേര്‍ സൗത് അമേരിക്കയിലുണ്ട്. ആസ്ട്രേലിയ, പസഫിക് ദ്വീപ് ഭൂഖണ്ഡങ്ങളില്‍ 3,83,04,000 പേരാണുള്ളത്. ഏറ്റവും കുറവ് ആളുകളുള്ളത് അന്‍റാര്‍ട്ടിക്കയിലാണ് 4490 പേര്‍. 
വര്‍ധിക്കുന്നു ഓരോ നിമിഷവും
ജനസംഖ്യാ വര്‍ധനയുടെ വെല്ലുവിളികളെക്കുറിച്ച് പഠിക്കുകയും പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന ആഗോളസംഘടനയായ പോപുലേഷന്‍ മീഡിയയുടെ കണക്കുപ്രകാരം 2,37,211 പേരാണ് ഓരോ ദിവസവും ജനിക്കുന്നത്. ഓരോ സെക്കന്‍ഡിലും അഞ്ച് കുട്ടികള്‍ ജനിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്യുന്നു. 
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുന്നതാണ് കഴിഞ്ഞകാലങ്ങള്‍ ലോകത്തിന് നല്‍കിയ പാഠം. 
പെണ്‍ ഭ്രൂണഹത്യ
ജനസംഖ്യയില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യം ചൈനയാണെന്ന് പറഞ്ഞുവല്ളോ. അവിടെ കുറെ വര്‍ഷങ്ങളായി ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. പെണ്‍ ഭ്രൂണഹത്യ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. ദമ്പതികള്‍ക്ക് ഒരു കുഞ്ഞിനേ ജന്മം നല്‍കാന്‍ നിയമമനുവദിക്കുന്നുള്ളൂ എന്നത് ആണ്‍കുട്ടികളെ സ്വീകരിക്കാനും പെണ്‍കുട്ടികളെ ഭ്രൂണാവസ്ഥയില്‍ത്തന്നെ കൊന്നുകളയാനും അവരെ പ്രേരിപ്പിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പെണ്‍ഭ്രൂണഹത്യ നിയമംമൂലം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍, മിക്കയിടങ്ങളിലും അനധികൃതമായി ഇത്തരം നിരോധങ്ങള്‍ മറികടന്ന് ഭ്രൂണഹത്യ വ്യാപകമായി നടക്കുന്നുമുണ്ട്. 
ജനസംഖ്യാ വര്‍ധനയുടെ വെല്ലുവിളികള്‍
ദാരിദ്ര്യം, തൊഴിലില്ലായ്മ.
അപര്യാപ്തമായ ശുദ്ധജലം.
പ്രകൃതിവിഭവങ്ങള്‍ നശിക്കല്‍ (പ്രത്യേകിച്ച് ഫോസില്‍ ഇന്ധനങ്ങള്‍).
വനനശീകരണവും, ജൈവവ്യവസ്ഥയെ തകര്‍ക്കലും.
അപൂര്‍വ ജീവികളില്‍ വംശനാശം സംഭവിക്കല്‍.
ശുചിത്വമില്ലാത്ത അന്തരീക്ഷം.
പാര്‍പ്പിടങ്ങളുടെ അപര്യാപ്തത.
പൊതുജന ബോധവത്കരണം
ജനസംഖ്യാ പെരുപ്പത്തിനെതിരെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. ജനസംഖ്യാപെരുപ്പത്തിന്‍െറ ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യം. കുടുംബാസൂത്രണത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ചും ഇവര്‍ അവബോധം സൃഷ്ടിക്കുന്നു. 
യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) ജനസംഖ്യാവര്‍ധനയുടെ പ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി പഠനം നടത്തുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്. ഏഷ്യന്‍ ഫോറം ഓഫ് പാര്‍ലമെന്‍േററിയന്‍സ് ഓണ്‍ പോപുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് എന്ന അര്‍ധ സ്വകാര്യസംഘടനയും ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മാനേജ്മെന്‍റ് ഓഫ് പോപുലേഷന്‍ പ്രോഗ്രാംസ് (ഐകോംപ്) എന്ന എന്‍.ജി.ഒയും രാജ്യാന്തരതലത്തില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നവരാണ്. ഇന്ത്യയില്‍ നാഷനല്‍ കമീഷന്‍ ഓഫ് പോപുലേഷന്‍ ആണ് സര്‍ക്കാര്‍ തലത്തില്‍ ഇതിനായി നിലകൊള്ളുന്ന സംഘടന. ഇതുപോലെ പല രാജ്യങ്ങളിലും പല സംഘടനകളുമുണ്ട്. 
പെരുപ്പം മാത്രമല്ല പ്രശ്നം
ജനസംഖ്യാവര്‍ധന മാത്രമാണ് ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ജനസംഖ്യയുടെ ക്രമാതീതമായ കുറവും പല രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന് നേരത്തെ സൂചിപ്പിച്ചപോലെ വത്തിക്കാന്‍ സിറ്റി എന്ന രാജ്യത്തുള്ള ജനസംഖ്യ 1000പോലുമില്ല. ചില പ്രദേശങ്ങളില്‍ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളാണ് ജനസംഖ്യയുടെ ഗൗരവതരമായ കുറവിനു കാരണമാവുന്നത്. ജനസംഖ്യ കൂടുതലുള്ള രാജ്യത്തുള്ളവരേക്കാള്‍, കൂടുതല്‍ ആനുകുല്യങ്ങള്‍ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അത്തരം ജനസംഖ്യ കുറവുള്ള രാജ്യങ്ങളില്‍ സ്വാഭാവികമായും ജനസാന്ദ്രതയും കുറവായിരിക്കും. ആളുകളുടെ തള്ളിക്കയറ്റമുണ്ടാവില്ല, ജോലി സാധ്യതകള്‍ കൂടുതല്‍, കൂടുതല്‍ സാമൂഹിക, ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയവ ജനസംഖ്യ കുറഞ്ഞാലുള്ള ഗുണങ്ങളാണ്. എന്നാല്‍, താഴ്ന്ന ജീവിതനിലവാരം, മാനവവിഭവശേഷിയുടെ പര്യാപ്തതക്കുറവ്, വിഭവങ്ങളുടെ ഉപഭോഗക്കുറവ്, തുടങ്ങിയവ ഇതിന്‍െറ ദോഷങ്ങളാണ്. 
ജനസംഖ്യാപഠനം
ജനസംഖ്യയെക്കുറിച്ച് ആധികാരികമായും ശാസ്ത്രീയമായും പഠനം നടത്തുന്നതിനെ ഡെമോഗ്രഫി എന്നുപറയുന്നു. പോപുലേഷന്‍ ഡൈനാമിക്സ്, ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഫാമിലി ഡൈനാമിക്സ്, ഹെല്‍ത്ത്, ഏജിങ് ആന്‍ഡ് മോര്‍ട്ടാലിറ്റി, ഹ്യൂമന്‍ കാപിറ്റല്‍ ആന്‍ഡ് ലൈബര്‍ മാര്‍ക്കറ്റ്സ്, ബിബ്ളിയോഗ്രഫി എന്നിവയാണ് ഇതിലെ പ്രധാന പഠനമേഖലകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com